---
title: "ബിജെപി പ്രവര്‍ത്തകര്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു"
english_title: "BJP workers besieged Cheruvannur gram panchayat office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215934/bjp workers besieged cheruvannur gram panchayat office"
published_at: "2024-06-29T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667faf6d5003c_0000_ATTACH__copy_copy.jpg"
keywords: []
---

# ബിജെപി പ്രവര്‍ത്തകര്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി പ്രവര്‍ത്തകര്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ജല്‍ജീവന്‍ മിഷനായി പൊട്ടിപ്പൊളിച്ച റോഡുകള്‍ ഗതാഗത യോഗ്യമാക്കുക, പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക, ജല്‍ജീവന്‍ മിഷന്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുക, തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക, ചെറുവണ്ണൂരിലെയും മുയിപ്പോത്ത് ടൗണിലെയും ബസ് സ്റ്റോപ്പുകള്‍ പുനര്‍ നിര്‍മ്മിക്കുക, ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക, പഞ്ചായത്തിലെ നെല്ലറകളായ ആവള പാണ്ടിയും കരുവോടചിറയും കൃഷിയോഗ്യമാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധം നടത്തിയത്.

## Article Content

**ചെറുവണ്ണൂര്‍: **വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി പ്രവര്‍ത്തകര്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ജല്‍ജീവന്‍ മിഷനായി പൊട്ടിപ്പൊളിച്ച റോഡുകള്‍ ഗതാഗത യോഗ്യമാക്കുക, പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക, ജല്‍ജീവന്‍ മിഷന്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുക, തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക, ചെറുവണ്ണൂരിലെയും മുയിപ്പോത്ത് ടൗണിലെയും ബസ് സ്റ്റോപ്പുകള്‍ പുനര്‍ നിര്‍മ്മിക്കുക, ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക, പഞ്ചായത്തിലെ നെല്ലറകളായ ആവള പാണ്ടിയും കരുവോടചിറയും കൃഷിയോഗ്യമാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധം നടത്തിയത്.

ഉപരോധ സമരം ബിജെപി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണമാണ് നടക്കുന്നതെന്നും യുഡിഎഫ് എല്‍ഡിഎഫ് നേതാക്കള്‍ പരസ്പരം ചങ്ങാത്തത്തിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും തൊഴിലുറപ്പ് പദ്ധതി പോലും കാര്യക്ഷമമായി പഞ്ചായത്തില്‍ നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജല്‍ ജീവന്‍ മിഷനായി റോഡുകള്‍ പൊട്ടിപൊളിക്കുമ്പോള്‍ ഉടന്‍ പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നാണ് കരാറെങ്കിലും, ഗ്രാമപഞ്ചായത്തും ജനപ്രതിനിധികളും നോക്കി നിന്നു, കരാറുകാര്‍ മുങ്ങുകയും ചെയ്തു ഇതോടെ ജനം ദുരിതത്തിലുമായതായി എം മോഹനന്‍ പറഞ്ഞു.

ചെറുവണ്ണൂര്‍ ടൗണിലെയും മുയിപ്പോത്ത് ടൗണിലെയും ബസ്റ്റോപ്പുകള്‍ റോഡ് വികസന സമയത്ത് പൊളിച്ചുമാറ്റിയതാണ്. എന്നാല്‍ വര്‍ഷം അഞ്ചു കഴിഞ്ഞിട്ടും ഒന്നു പോലും നിര്‍മ്മിക്കാന്‍ ഗ്രാമപഞ്ചായത്തിന് സാധിച്ചില്ല. ജില്ലയിലെ നെല്ലറകളായ കരുകോടി ചിറയും ആവള പാണ്ടിയും സംരക്ഷിക്കാന്‍ ഒരു നടപടിയും ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ നോക്കുകുത്തിയാക്കി എല്‍ഡിഎഫ് പിന്‍ സീറ്റ് ഭരണം നടത്തുകയാണന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി വിനോദന്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ രജീഷ്, എം പ്രകാശന്‍, ജുബിന്‍ ബാലകൃഷ്ണന്‍, ടി.എം. ഹരിദാസ്, സി.കെ. ലീല, കെ.പി.ടി. വത്സലന്‍, ഡി.കെ മനു, എം. സായ് ദാസ്, കെ.പി സുനില്‍, കെ.പി ബാബു തുടങ്ങിയവര്‍ സംസാരിച്ചു. പി.എം സജീവന്‍ പി.സി സുരേഷ് ബാബു. പൂളക്കുല്‍ ബാബു, പി.എം. സവിന, മരുതിയാട്ട് സുമ, ടി.എം സുനിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215934/bjp workers besieged cheruvannur gram panchayat office)